“ഈ മെസ്സേജ് കണ്ടാൽ എന്നെ ഉടനെ തിരിച്ച് വിളിക്കണം, urgent”
രാവിലെ എഴുന്നേറ്റ് പ്രഭാത കർമ്മങ്ങളും നമസ്കാരവും കഴിഞ്ഞാൽ മെസ്സേജുകൾ നോക്കുക പതിവാണ്. രാത്രി നേരത്തെ ഫോൺ ഓഫാക്കുന്നത് കൊണ്ട് വൈകി വരുന്ന വിവരങ്ങൾ രാവിലെയാണ് എനിക്ക് കിട്ടുക.
“ഇത്രയും നേരത്തെ ടീച്ചറെ തിരിച്ചു വിളിക്കണോ? എന്തിനാവും ടീച്ചർ രാത്രി 12 മണിക്ക് മെസ്സേജ് ഇട്ടത്”?
അടുക്കളയിലെ തിരക്കുകളിലേക്ക് ഊളിയിടുമ്പോഴും urgent എന്ന വാക്ക് ഇടയ്ക്കിടെ മനസ്സിൽ വന്നു. ടിഫിൻ ബോക്സുകളിലേക്കുള്ളതും ബ്രെക്ക്ഫാസ്റ്റും ഏകദേശം ആയതോടെ നേരെ ഫോണെടുത്തു സീത ടീച്ചറുടെ നമ്പറിലേക്ക് വിളിച്ചു.
അങ്ങേ തലയ്ക്കൽ ഹലോ പോലുമില്ലാതെ ടീച്ചറുടെ ശബ്ദം, “ഞാനിന്നലെ ഒരു പോള കണ്ണടച്ചില്ല. ഇന്നുച്ചയ്ക്ക് 3 മണിക്ക് സൗഹൃദ ക്ലബ്ബിന്റെ കീഴിൽ രക്ഷിതാക്കളുടെ ഒരു മീറ്റിംഗ് ഉണ്ട്. അവിടെ വരുന്ന ഒരു രക്ഷിതാവിനെ ഡോക്ടർ ഒന്ന് കാണണം.”
എന്റെ സമയമോ അപ്പോയിന്റ്മെന്റോ ഒന്നും ചോദിക്കാതെ ടീച്ചർ ഇത്രയും പറയണമെങ്കിൽ കാര്യം സീരിയസാണ്. “ശരി” എന്ന് മാത്രം പറഞ്ഞ് ഫോൺ കട്ടാക്കി. ക്ലിനിക്കിലെ സ്റ്റാഫിനെ വിളിച്ചു. “വൈകുന്നേരം 3-4.30 വരെയുള്ള അപ്പോയിന്റ്മെന്റുകൾ reschedule ചെയ്യണം. സീരിയസ് മാറ്ററാണ്!”
ഹയർ സെക്കൻഡറി വിദ്യാർഥികളുടെ പ്രശ്നങ്ങൾ പറഞ്ഞ് സീത ടീച്ചർ എപ്പോഴും വിളിക്കാറുണ്ട്. കോവിഡിന് ശേഷം അവർ നേരിടുന്ന പ്രശ്നങ്ങളെ ഞാൻ DIL (ദിൽ) എന്നാണ് ചുരുക്കി പറയാറുള്ളത്. Drugs, Insta and Love! ദില്ലിനെതിരെയുള്ള നിരന്തര പ്രയത്നമാണ് കുട്ടികളും രക്ഷിതാക്കളും അധ്യാപകരും ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്.
എന്നെ കണ്ടതും സീത ടീച്ചർ പറഞ്ഞു, ദിൽ അല്ല!
ഏ.. ദിൽ അല്ലെങ്കിൽ പിന്നെ ദിമാഖ് ആണോ? എന്റെ വിരസമായ തമാശ ഞാൻ സ്വയം ആസ്വദിച്ചെങ്കിലും ടീച്ചർ ഗൗരവത്തിലാണ്.
വളരെ straight forward ആണ് സീത ടീച്ചർ.
” ഞാൻ ഇന്നലെ സ്കൂൾ വിട്ടിറങ്ങുന്ന തിരക്കിൽ ഹ്യുമാനിറ്റീസിലെ ഒരു പയ്യന്റെ കഴുത്തിൽ ഒരു മുറിപ്പാട് കണ്ടു. കഴിഞ്ഞയാഴ്ച ഇവിടെ പ്ലസ് വൺ പ്ലസ് ടൂ വിദ്യാർഥികൾ തമ്മിൽ ചെറിയൊരു തല്ലുമാല ഉണ്ടായിരുന്നു. ഇവനും അക്കൂട്ടത്തിൽ ഉണ്ടായിരുന്നോ എന്ന് ചിന്തിച്ചു കൊണ്ട് ഞാനവന്റെ കോളർ അകത്തി നോക്കിയതും അവൻ കൈ തട്ടിമാറ്റി. വീണ്ടും ചോദിച്ചപ്പോഴേക്കും അവൻ തിരിക്കിലേക്ക് അലിയാൻ ശ്രമിച്ചു. ഞാൻ സ്കൂളിന്റെ പുറത്തെ തിരക്കില്ലാത്ത ഭാഗത്തേക്ക് എത്തിയപ്പോഴേക്കും അവൻ എന്റെയടുത്ത് വന്ന് പറഞ്ഞു, “അത് ഞാനൊരു attempt നടത്തിയതാ മിസ്സേ”..
കൂടുതൽ എന്തെങ്കിലും ചോദിക്കും മുമ്പേ അവൻ നടന്നകന്നു. അവന്റെ ക്ലാസ് ടീച്ചർ പോയി കഴിഞ്ഞിരുന്നു. അവരെ വിളിച്ച് അവന്റെ നമ്പർ തപ്പിയെടുത്ത് ഞാൻ വിളിച്ചു. അവന്റെ ഉമ്മയാണ് ഫോൺ എടുത്തത്. എന്റെ ഫോൺ വിളി എത്തിയപ്പോഴേക്കും വസീം അവന്റെ attempt കഥ വീട്ടിൽ പറഞ്ഞിരിക്കുന്നു. ഞാൻ വിളിച്ചതും അവന്റെ ഉമ്മ പൊട്ടിച്ചിരിച്ചിരിച്ചു, “അവൻ ടീച്ചറെ പറ്റിച്ചല്ലേ”!
“എനിക്കെന്തോ പന്തികേട് തോന്നുന്നുണ്ട് ഡോക്ടർ. കഴുത്തിലെ പാട് ഞാൻ ശരിക്കും കണ്ടതാണ്. കയറിട്ട് മുറുക്കിയ പോലൊരു പാട്. ഡോക്ടർ അവരോടൊന്ന് സംസാരിക്കണം” സീത ടീച്ചർ വ്യക്തമാക്കി.
“പ്രശ്നമാണല്ലോ ടീച്ചറെ. കാര്യം നടന്നതാണെങ്കിൽ പോലീസ് കേസാണ്. ഞാനും നിങ്ങളും ഒക്കെ ഇതിൽ പെടും”.
“എന്തായാലും വേണ്ടില്ല. നമുക്ക് ഇതറിയണം. I want to save the boys life”, സീത ടീച്ചർ ഉറപ്പിച്ചു പറഞ്ഞു.
Yes, we have to save the boys life!
രക്ഷിതാവ് ഞാൻ ഇരിക്കുന്നിടത്തേക്ക് വന്നു. ഉപ്പ മരിച്ച കുട്ടിയാണ് വസീം. വീട്ടിൽ എട്ടാം ക്ലാസിൽ പഠിക്കുന്ന അനിയത്തിയുണ്ട്. സ്കൂൾ വിട്ട് വൈകുന്നേരങ്ങളിൽ വസീം ബന്ധുവിന്റെ ഫാൻസി കടയിൽ ജോലി ചെയ്യും. കിട്ടിയ കാശ് ഉമ്മാക്ക് കൊടുക്കും. കള്ളില്ല, കഞ്ചാവില്ല. ഒരു പ്രേമമുണ്ടായിരുന്നത് ഉമ്മയോട്
പറഞ്ഞിട്ടുണ്ട്. പ്ലസ് വണ്ണിൽ എത്തിയപ്പോൾ പഠിക്കാൻ ലേശം ബുദ്ധിമുട്ട് ഉള്ളത് ഒഴിച്ചാൽ അവന് ഒരു പ്രശ്നവുമില്ല സാറേ….
ഉമ്മാക്ക് പറയാനുള്ളത് മുഴുവൻ കണ്ണീരിന്റെ കഥയാണ്. അഞ്ച് കൊല്ലം മുമ്പ് ഭർത്താവ് കിഡ്നി രോഗം മൂലം മരിച്ചത്, നാട്ടുകാർ കമ്മിറ്റിയുണ്ടാക്കി കടങ്ങൾ വീട്ടിയത്, ഭർത്താവിന്റെ അനിയന്റെ ഔദാര്യത്തിൽ കഴിയുന്നത്, പഞ്ചായത്തിൽ നിന്നും വീട് പാസ്സായത്, മകൾക്ക് നല്ല മാർക്ക് കിട്ടിയത്, വസീം ചിത്രം വരയ്ക്കുന്നത്, കോവിഡ് വന്നു കിടപ്പിലായത്…. കണ്ണിൽ ദയനീയതയും ശരീരത്തിൽ അനാരോഗ്യവും മുഴച്ചു നിൽക്കുന്നു!
ഭർത്താവിന്റെ അനിയൻ ഗൾഫിലാണ്. അവർക്ക് രണ്ട് കുട്ടികളാണ്. നാല് വയസ്സും ആറ് മാസവും….
“അപ്പൊ, നിങ്ങളുടെ വീട്ടിൽ തൊട്ടിലുണ്ടോ? “, ഞാൻ ഇടയ്ക്ക് കയറി ചോദിച്ചു,
വസീമിന്റെ ഉമ്മ ഞെട്ടി.
“അത് അവരുടെ മുറിയിലാണ്. അവൻ അങ്ങനെയൊന്നും ചെയ്യില്ല ഡോകാടറേ… Attempt! ഇരുട്ട് കണ്ടാൽ പേടിയുള്ള ചെക്കനാണ് മരിക്കാൻ നോക്കുന്നത്! ”
അല്പം അരക്ഷിതാവസ്ഥയുള്ള കൗമാരക്കാർക്ക് വിഷാദ രോഗം വരാനുള്ള എല്ലാ ചേരുവകളും ഉള്ള വീടും കുടുംബവും.
ഞാൻ വസീമിനോടൊന്ന് സംസാരിക്കട്ടെ!
വസീം ചിരിച്ചു കൊണ്ട് സ്റ്റാഫ് റൂമിലേക്ക് വന്നു. മുഖത്തേക്കും നിലത്തേക്കും സൈഡിലേക്കും മാറി മാറി നോക്കി കൊണ്ട് എന്റെ അടുത്ത സീറ്റിൽ അവൻ വന്നിരുന്നു. സ്റ്റാഫ് റൂമിൽ കൗൺസിലിംഗിന് പറ്റിയ അന്തരീക്ഷമില്ലെങ്കിലും ഞങ്ങൾ ഓപചാരികതകളില്ലാതെ സംസാരിക്കാൻ തുടങ്ങി.
“ഞാൻ സീത ടീച്ചർടെ സുഹൃത്താണ്. നിനക്കെന്തോ സഹായം വേണമെന്ന് ടീച്ചർ പറഞ്ഞു. നീയിങ്ങനെ ഏളാപ്പാന്റെ കുഞ്ഞിന്റെ തൊട്ടിലിൽ ആടി കൊണ്ടിരുന്നാൽ നിന്റെ ഉമ്മാക്ക് എന്താ പ്രതീക്ഷ?”
അത് അവൻ പ്രതീക്ഷിച്ചില്ലെന്ന് തോന്നുന്നു. തുറിച്ചൊരു നോട്ടമാണ് നോക്കിയത്. ആ കണ്ണുകളിൽ വിഷാദം തളം കെട്ടി. ഘനീഭവിച്ച മേഘം പോലെ അത് ഒഴുകാൻ തുടങ്ങി.
“എനിക്ക് പേടിയാണ് ടീച്ചറേ, ജീവിതത്തെ പേടിയാണ്. എല്ലാവരേയും പോലെ പഠിക്കാനാവുന്നില്ല. വിഷമങ്ങൾ പറയാൻ ഉപ്പയില്ല. ഞങ്ങളെ കഷ്ടപ്പെട്ട് വളർത്തുന്ന ഉമ്മയെ വിഷമിപ്പിക്കാൻ വയ്യ. പഠനവും മുന്നോട്ടുള്ള ജീവിതവും ഒരു മല പോലെ എന്റെ മുന്നിൽ നിൽക്കുന്നു. ആ മല ആകാശം മുട്ടിയാണ് നിൽകുന്നത്. അതിന്റെ മുന്നിൽ ഞാൻ ഒരു ഉറുമ്പിനെ പോലെ. ഒരു ശക്തമായ കാറ്റോ മഴയോ വന്നാൽ ഞാൻ തീർന്നു. എവിടെയും ഒരു പിടി വള്ളിയില്ല. ഞാൻ മരിക്കും തീർച്ച”
അവന്റെ ശബ്ദം എന്റെ ഹൃദയത്തിൽ കാഠര കണക്കെ ആഴ്ന്നിറങ്ങി. ആ ചെറുപ്പക്കാരന്റെ ജീവിതം താങ്ങി നിർത്തേണ്ട തൂൺ ഞാൻ കൂടിയാണ് എന്ന ഓർമ്മ എന്റെ ചിന്തകളെ തട്ടിയകറ്റി. മുന്നിലിരിക്കുന്ന ക്ലൈന്റിനെ എന്റെ ജീവിതവുമായി തട്ടിച്ചു നോക്കരുതെന്ന മനശ്ശാസ്ത്ര ബാല പാഠം ആവർത്തിച്ചു കൊണ്ട് ഞാൻ അവന്റെയടുത്ത് മിണ്ടാതെയിരുന്നു.
കണ്ണീർ പെയ്തൊഴിയുന്നത് വരെ അവനെ കുറ്റപ്പെടുത്താതെ വിധി കൽപിക്കാതെ നിശബ്ദതയുടെ കുട പിടിച്ച് ഞാൻ ക്ഷമയോടെ കാത്തിരുന്നു.
ഞാൻ ഇപ്പൊ വരാം.
വസീമിന്റെ ഉമ്മയോട് കാര്യം പറഞ്ഞ് ഞാൻ അവരെ സ്റ്റാഫ് റൂമിലേക്ക് കൂട്ടി കൊണ്ട് വന്നു. “രണ്ട് പേരും കൂടി എന്റെ ക്ലിനിക്കിലേക്ക് ഒന്ന് വരണം. വസീമിന്റെ സ്വപ്നങ്ങളിൽ കാണുന്ന ആകാശം മുട്ടി നിൽക്കുന്ന മല മുകളിലേക്ക് നമുക്ക് ഒരുമിച്ചൊരു യാത്ര പോകണം. മാറല പിടിച്ചു കിടക്കുന്ന അവന്റെ മനസ്സ് അടിച്ചു തളിച്ചു വൃത്തിയാക്കി അവിടെ നല്ലൊരു പൂന്തോട്ടമുണ്ടാക്കണം. ആരും പൂന്തോട്ടത്തിൽ സമ്മതമില്ലാതെ കയറി റോസാപൂ പറിക്കാതിരിക്കാൻ വസീമിനെ അതിന്റെ കാവലാളാക്കണം. ഹൃദയ പൂങ്കാവനത്തിന്റെ കാവലാൾ!
സ്കൂളിൽ നിന്നും ഇറങ്ങുമ്പോൾ സമയം അഞ്ച് കഴിഞ്ഞിരുന്നു. മകൾ വീട്ടിലെത്തിയിട്ടുണ്ടാവും. അവൾക്ക് വസീമിന്റെ പ്രായമാണ്. അവളുടെ ഫോണിലേക്ക് വിളിച്ചു.
“ഹായ് ഉമ്മാ…”
“എന്താ പാത്തു പരിപാടി?
എന്താ പാത്തു മിണ്ടാത്തെ..?”
ഞാൻ ചിരിച്ചു. കുറേ ദൂരം ഫോൺ സ്പീക്കറിൽ ഇട്ട് അവളോട് സംസാരിച്ചു. അവളുടെ കഥയുടെ ചെപ്പ് തുറന്ന് കുറേ ഭൂതങ്ങൾ പുറത്തേക്ക് വന്നു. അതിൽ ബോട്ടണിയും അൾജിബ്രയും കൂട്ടുകാരി നിഷയും അവളെ കണ്ണുരുട്ടി കാണിക്കുന്ന പൊടിമീശക്കാരനും കെമിസ്ട്രി സാറും ബസിലെ ചൊറിയൻ കിളിയും കൂടെ യാത്ര ചെയ്യുന്ന ബംഗാളിയും ഒക്കെയുണ്ടായിരുന്നു…
“ന്നാ, ശരി പാത്തു..
നീ ഫോൺ വച്ചോ പാത്തു…
എനിക്ക് ഒന്നേ പറയാനുള്ളു പാത്തൂ…
അസ്സലാമുഅലെയ്ക്കും പാത്തു”!
ലേഖിക- ഡോ. സ്മിത റഹ്മാൻ
കൗൺസിലർ/ ട്രെയ്നർ/ ദന്തിസ്റ്റ്.
Ph: 9495232940