എത്ര തവണ പറഞ്ഞാലും അനുസരിക്കില്ല. കാച്ചെണ്ണയുടെ കുപ്പി തുറന്നിരിക്കുന്നത് കണ്ട് എനിക്ക് ദേഷ്യം വന്നു. കുളിമുറിയിൽ നിന്നും പാട്ടു കേൾക്കുന്നതുകൊണ്ട് കുളിക്കുന്നത് ആമിയാണെന്ന് മനസ്സിലായി. കുളിമുറിയിൽ ഇടയ്ക്കൊക്കെ കാണാറുള്ള പല്ലിയെ അവൾക്ക് പേടിയാണ്. പേടി മാറാൻ പാട്ടുപാടി കുളിച്ചാൽ മതി എന്ന് അവളോട് പറഞ്ഞത് ഞാൻ തന്നെയായിരുന്നല്ലോ. പാവം കുട്ടി .
അടുക്കളയിൽ എത്തിയപ്പോൾ ശരിക്കും സങ്കടം തോന്നി. ഇതായിരുന്നല്ലോ എന്റെ സ്വർഗ്ഗം. ഒരു മാസമേ ആയിട്ടുള്ളൂ ഞാൻ ഇവിടെ നിന്ന് പോയിട്ട്. അപ്പോഴേക്കും വീടിന്റെ രൂപം ആകെ മാറിയത് പോലെ .എല്ലാ സാധനങ്ങളും തോന്നിയത് പോലെ വാരിവലിച്ച് വെച്ചിരിക്കുന്നു. ഉള്ളിത്തൊലിയും പച്ചമുളകിന്റെ ഞെട്ടിയും വെള്ളരിക്ക ത്തൊലിയുമെല്ലാം ഒരു പാത്രത്തിൽ അവിടെത്തന്നെ ഇരിക്കുന്നു .പരിപ്പു കഴുകിയ വെള്ളവും കളഞ്ഞിട്ടില്ല .പക്ഷേ വായിൽ വെള്ളമൂറുന്ന വെളുത്തുള്ളി അച്ചാറിന്റെയും മുളകൂഷന്റെയും മണം അവിടെയെല്ലാം തങ്ങിനിന്നിരുന്നു. ആദി എവിടെ ? അവളെ കണ്ടില്ലല്ലോ . വല്യമ്മയുടെ വീട്ടിൽ ആയിരിക്കും. ഇവിടെ നിന്നാൽ എന്തെങ്കിലും പണിയെടുക്കേണ്ടേ. ഞാൻ മെല്ലെ ഡൈനിങ് ഹാളിൽ എത്തി. ഓഹോ ! ഇവിടെയിരുന്ന് ടി വി കാണുന്നുണ്ടോ . സെറ്റിയിലെ മഞ്ഞപ്പൂക്കളുള്ള വിരി താഴെ വീണു കിടക്കുന്നു. അതൊന്നു നേരെ ഇടാൻ പോലും അവൾക്കറിയില്ലേ ? ഇന്നലെ കഴിച്ച ഐസ്ക്രീമിന്റെ സ്പൂണും പാത്രവും വാഷ്ബേസിനു മുകളിൽ ഉറുമ്പരിച്ചിരിക്കുന്നു .14 വയസ്സു കഴിഞ്ഞ ഒരു പെൺകുട്ടിയാണ് ആദി . അവളെ കുറിച്ചായിരുന്നു എന്റെ പേടി മുഴുവൻ . പ്രായത്തിൽ കവിഞ്ഞ വളർച്ചയും സൗന്ദര്യവും ഉണ്ടവൾക്ക് . പക്ഷേ കാര്യപ്രാപ്തിയും തന്റേടവും ഇല്ല .എല്ലാ കാര്യത്തിനും ആമിയുടെ കൂട്ടുവേണം.
രണ്ടുപേരുടെയും പഠന മുറിയിലേക്ക് കാലെടുത്തു വച്ചതും എനിക്ക് ഭ്രാന്ത് പിടിക്കു മെന്നു തോന്നി. ചുരുട്ടിക്കൂട്ടിയ കടലാസുകളും പുസ്തകങ്ങളും ബാഗും എല്ലാം എന്നെ നോക്കി ചിരിക്കുന്നു. പഴയ അതേ ചിരി . ലിവിങ് റൂമിലെ ടീപോയിൽ ഒരു മാസത്തെ പത്രം മുഴുവൻ ചിതറിക്കിടക്കുന്നു. അതൊക്കെ എവിടെയാണ് എടുത്തു വയ്ക്കാറുള്ളതെന്ന് ആർക്കും അറിയില്ലല്ലോ. വിശ്രമമില്ലാതിരുന്ന എന്റെ കൈകൾ അതെല്ലാം ഒന്നുകൂടി അടുക്കിപ്പെറുക്കി വെക്കാൻ കൊതിച്ചു. പക്ഷേ……….. ഞാൻ തിരിഞ്ഞു നടന്നു.
കാലുകൾ വിറക്കുന്നതുപോലെ തോന്നി .എവിടെ ? വിജയേട്ടൻ എവിടെ ? ഇവിടെ വന്നപ്പോൾ മുതൽ എന്റെ കണ്ണുകൾ തിരയുന്നത് അതായിരുന്നല്ലോ. എനിക്കറിയാം ഉറങ്ങുകയായിരിക്കും. ഇന്നു ഞായറാഴ്ചയല്ലേ . ഞാൻ പോയതിൽപിന്നെ രാവിലത്തെ നടത്തവും ഇല്ലാതായി കാണും . ബെഡ്റൂമിന്റെ വാതിൽക്കൽ ഒരു നിമിഷം ഞാൻ നിന്നു എന്നിലെ സ്ത്രീത്വം തളിർത്തതും വളർന്നതും പുഷ്പിച്ചതും അനുഭൂതിയുടെ പുതിയ പുതിയ ഋതുക്കൾ മാറിമാറിയണിഞ്ഞതും ഈ ചുവരുകൾക്കുള്ളിൽ ആയിരുന്നല്ലോ. ഇനി ഒരിക്കലും തിരിച്ചുപിടിക്കാൻ ആവാത്ത സ്വർഗീയ നിമിഷങ്ങൾ.
എന്നാൽ മുറിക്കകത്തേക്ക് പ്രവേശിച്ച ഞാൻ സ്തബ്ധയായി ! മറ്റെല്ലാ ഇടവും അലങ്കോലമായി കിടക്കുന്ന വീട്ടിൽ പക്ഷേ ഇവിടെ മാത്രം ഒരു മാറ്റവുമില്ല. എല്ലാം പഴയതുപോലെ അടുക്കും ചിട്ടയും ആയിരിക്കുന്നു. ഞാൻ പാതി വായിച്ചുതീർത്ത പുസ്തകം അതേപോലെ മേശമേൽ ഇരിക്കുന്നു. പോകുന്നതിന്റെ തലേന്ന് ഞാൻ ഉടുത്ത സാരി അഴക്കോലിൽ ഇട്ടിരിക്കുന്നു .ഒന്നിനും ഒരു മാറ്റവുമില്ല . എന്റെ ഭാവനയ്ക്ക് അനുസരിച്ച് വൃത്തിയായി വെച്ചിരിക്കുന്നു. ഞങ്ങൾക്കു മാത്രം സ്വന്തമായ ആ മണം പോലും അവിടം വിട്ടു പോയിട്ടില്ല .ഒരുവശം ചെരിഞ്ഞു കിടന്നുറങ്ങുന്ന വിജയേട്ടന്റെ അടുത്തേക്ക് ചെല്ലാൻ ഞാൻ കൊതിച്ചു. പക്ഷേ……… കൂടുതൽ നേരം അവിടെത്തന്നെ അങ്ങനെ നിൽക്കാൻ എനിക്ക് കഴിഞ്ഞില്ല. ഞാൻ തിരിച്ചു നടന്നു . വാതിൽക്കൽ എത്തിയതും പൊന്നൂ എന്ന വിളികേട്ട് ഞാൻ തിരിഞ്ഞു നോക്കിയതും ഒരുമിച്ചായിരുന്നു. ഒരു കൊടുങ്കാറ്റിന്റെ വേഗത്തിൽ ഞാൻ വിജയേട്ടന്റെ അരികിലെത്തി. ഇല്ല ഇപ്പോഴും ഉറക്കമാണ്. എനിക്ക് തോന്നിയതാവും . ഞാൻ വീണ്ടും തിരിച്ചു നടക്കാൻ തുടങ്ങി .ആ ചുണ്ടുകൾ അപ്പോൾ എന്തോ മന്ത്രിക്കുന്നതുപോലെ തോന്നി .പറയുന്ന കാര്യങ്ങൾ ഒന്നും വ്യക്തമാകുന്നില്ല. എങ്കിലും ഇടയ്ക്കിടെ പൊന്നു പൊന്നു എന്ന് പറയുന്നത് എനിക്ക് വ്യക്തമായി കേൾക്കാമായിരുന്നു.
പിന്നെ ഞാൻ അവിടെ നിന്നില്ല .ഇതു മതി… ഇതുമാത്രം മതി എനിക്ക് … അപ്പോഴേക്കും ആമി കുളികഴിഞ്ഞ് വന്നിരുന്നു അവളോടൊപ്പം ആദിയും വരുന്നുണ്ട്. രണ്ടുപേരും നേരെ പൂജാമുറിയിൽ കയറി. അവിടെയുള്ള ദൈവങ്ങളോടൊപ്പം പുതുതായി സ്ഥാനം പിടിച്ച അമ്മയെന്ന ദൈവത്തിന്റെ പടത്തിനു മുന്നിൽ ഒരു ചന്ദനത്തിരി കത്തിച്ചു വെച്ചു .ആ ചന്ദനത്തിരിയിൽ നിന്നുയരുന്ന പുകയായി ഞാൻ ആ വീട് മുഴുവൻ നിറഞ്ഞു നിന്നു ………..
Blog
Related Topic
February 22, 2023
Dr. Smitha Rahman M/o Mohammed Imran
3-D (2022-23)
February 22, 2023
Diya Parveen
8-A (2022-23)
February 22, 2023
Naja Fathima KP
6-A (2022-23)
No more Story
More Blogs
February 22, 2023
Saleena Thelath, M/o Mashael Venkitta
5-B (2022-23)
December 1, 2022
Nishath T
Section Head LP/UP
No posts found